പ്രവാസികളുടെ മൃതദേഹം തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന രീതി ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു
ഗള്‍ഫില്‍ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു. മൃതദേഹം തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന രീതി ഇതോടെ അവസാനിക്കും. ഇന്ത്യയില്‍ എവിടേക്കും പ്രവാസികളുടെ മൃതദേഹം എത്തിക്കാന്‍ 1500 ദിര്‍ഹമാണ് ഈടാക്കുക.
പ്രവാസികളുടെ മൃതദേഹം തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന രീതി ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് നിരക്ക് ഏകീകരിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. ശനിയാഴ്ച മുതല്‍ ഏകീകരിച്ച നിരക്ക് നിലവില്‍ വരും. പ്രായപൂര്‍ത്തായയവരുടെ മൃതദേഹം കൊണ്ടുപോകുന്നതിന് 1500 ദിര്‍ഹമാണ് ഈടാക്കുക. 12 വയസിന് താഴെയുള്ളവരുടെ മൃതദേഹത്തിന് ഇതിന്റെ പകുതി തുക അഥവാ 750 ദിര്‍ഹം ഈടാക്കും. മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും തീരുമാനം ബാധകമായിരിക്കും.
ഒമാനില്‍ നിന്ന് 160 റിയാല്‍, കുവൈത്തില്‍ നിന്ന് 175 ദീനാര്‍, സൗദിയില്‍ നിന്ന് 2200 റിയാല്‍, ബഹ്റൈനില്‍ നിന്ന് 225 ദിനാര്‍, ഖത്തറില്‍ നിന്ന് 2200 റിയാല്‍ എന്നിങ്ങനെയായിരിക്കും മുതിര്‍ന്നവരുടെ മൃതദേഹത്തിനുള്ള നിരക്ക്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ അവയുടെ ഭാരത്തിന് അനുസരിച്ച് നിരക്ക് ഈടാക്കുന്നത് ഗള്‍ഫില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.