കൊറോണ: ട്രാവൽ ഏജൻസികൾക്കെതിരെ ചില തല്പര കക്ഷികൾ ആസൂത്രിതമായി നടത്തുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ

beauty_portfolio_2

സൗദി അറേബ്യ പ്രഖ്യാപിച്ച സമ്പൂർണ്ണ യാത്രാവിലക്കുമായി ബന്ധപ്പെട്ട് നിരപരാധികളായ ട്രാവൽ ഏജൻസികൾക്കെതിരെ ചില തല്പര കക്ഷികൾ ആസൂത്രിതമായി നടത്തുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ

ഇന്നലെ രാത്രി (മാർച്ച് 14) രാത്രി 10 മണിക്ക് ശേഷമാണ് സൗദി എയർലൈൻസിന്റെ കോഴിക്കോട്-ജിദ്ദ ഫ്ലൈറ്റിൽ ട്രാവൽ ഏജൻസികൾക്ക് ടിക്കറ്റ് അനുവദിക്കുന്നത്. സൗദി എയർലൈൻസിന്റെ ഓഫീസ് നേരിട്ട് അനുവദിച്ച ടിക്കറ്റുകൾ അത്യാവശ്യക്കാർക്ക് ചുരുങ്ങിയ സമയം കൊണ്ട് പാതിരാത്രിയിലും ഉറക്കമൊഴിച്ചാണ് ട്രാവൽ ഏജൻസികൾ നൽകിയത്. എന്നാൽ രാത്രി 11.30-ന് ശേഷമാണ് ഫ്ലൈറ്റ് റദ്ദ് ചെയ്ത വിവരം എയർലൈൻ, ട്രാവൽ ഏജൻസികളെ അറിയിക്കുന്നത്.

സൗദി വ്യോമഗതാഗത മന്ത്രാലയത്തിന്റെ 72 മണിക്കൂർ വിലക്ക് മറികടന്ന്, ടിക്കറ്റുകൾ ലഭ്യമാണെന്ന് ട്രാവൽ ഏജൻസികൾക്ക് അറിയിപ്പ് നൽകുകയും ഭൂരിഭാഗം സീറ്റുകളും വിൽപന നടത്തിയതിന് ശേഷം ഷെഡ്യൂൾ ക്യാൻസൽ ആണെന്ന് അറിയിക്കുകയും ചെയ്തത് വഞ്ചനയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യാത്രക്കാരോടും ടിക്കറ്റുകൾ വിൽക്കാൻ സഹായിച്ച ട്രാവൽ ഏജൻസികളോടും സൗദി എയർലൈൻസ് അധികൃതർ കാണിച്ച ഈ ചതിയെ ശക്തമായി അപലപിക്കുന്നു. യാത്രക്കാർക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ സൗദി എയർലൈൻസ് ബാധ്യസ്ഥരാണ്. മാത്രമല്ല, ഇങ്ങനെയൊരു അവസ്ഥക്ക് കാരണക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും അധികൃതർ തയ്യാറാവണം.

എന്നാൽ വസ്തുതകളെ കൃത്യമായി മനസ്സിലാക്കാൻ ശ്രമിക്കാതെ, കിട്ടിയ അവസരം മുതലെടുക്കാൻ തക്കം പാർത്തിരുന്ന ചിലർ നിസ്വാർത്ഥ സേവനം നടത്തുന്ന ട്രാവൽ ഏജൻസികളെ അടച്ചാക്ഷേപിക്കുകയാണ് ചെയ്തത്.

MDF ചെയർമാൻ നടത്തിയ അടിസ്ഥാനരഹിത ആരോപണങ്ങളും അവക്കുള്ള മറുപടിയും;

1) നമ്മുടെ നാട്ടിലെ ട്രാവൽ ഏജൻസികളിൽ പലരും യാത്രക്കാരെ ഗുരുതരമായി ചൂഷണം ചെയ്തു.

വസ്തുത: മാർച്ച് 14-ന് പോയ സൗദി എയർലൈൻസ് ഫ്ലൈറ്റിൽ 75-ഓളം യാത്രക്കാർ ടിക്കറ്റ് എടുത്തത് എയർപോർട്ടിൽ നിന്നുമാണ്. എയർപോർട്ട് ജീവനക്കാർ ഉൾപ്പെടെ ഇടനിലക്കാരായി പ്രവർത്തിച്ച ഈ കരിഞ്ചന്ത വില്പനയിൽ സൗദി എയർലൈൻസ് ആണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്.

2) സൗദി എയർ, എയർ ഇന്ത്യ എന്നീ വിമാന കമ്പനികളുടെ ഓഫിസുകളിൽ 20,000 രൂപക്ക് നേരിട്ട് കിട്ടിയ ടിക്കറ്റുകൾ അതേദിവസം 45000 മുതൽ 50000 വരെ വില കൂട്ടിയാണ് കേരളത്തിലെ ട്രാവൽ ഏജന്റുമാരിൽ ഭൂരിഭാഗവും കച്ചവടം നടത്തിയത്,

വസ്തുത: സൗദിയിലേക്ക് യാത്രാ വിലക്ക് വരുന്നത് മാർച്ച് 12 ന് ആണ്. അതിന്റെ മുമ്പുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 14000 മുതൽ 18000 വരെ മാത്രമായിരുന്നു. യാത്രാവിലക്ക് വന്നപ്പോൾ എയർലൈൻസുകൾ അവരുടെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുകയായിരുന്നു. 35000 മുതൽ 65000 വരെയുള്ള കൂടിയ നിരക്കുകളാണ് എയർലൈൻ സൈറ്റുകളിൽ കാണിച്ചിരുന്നത്. എയർ ടിക്കറ്റ് പ്രൈസിംഗുമായി യാതൊരു ബന്ധവുമില്ലാത്ത ട്രാവൽ ഏജൻസിയികളിൽ അതിന്റെ ഉത്തരവാദിത്വം ആരോപിക്കുന്നത് ശുദ്ധ അസംബന്ധമാണ്. ഏതെങ്കിലും കള്ളനാണയങ്ങൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവരെ ചൂണ്ടിക്കാണിക്കുന്നതിന് പകരം സത്യസന്ധമായി ഈ സേവനം ചെയ്യുന്ന നിരപരാധികളെ അടച്ചാക്ഷേപിക്കരുത്.

3) ഇന്ന് കോഴിക്കോട്ട് നിന്നും പോയ സൗദി എയർലൈൻസിന്റെ SV 747 വിമാനത്തിന് ഇന്ത്യക്കാരെ സൗദീ അറേബ്യയിലേക്ക് കൊണ്ടുപോകാൻ നിയമപരമായി കഴിയില്ല. സൗദി അറേബ്യ ഇന്ത്യക്കാരുടെ പ്രവേശനം താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. ഈ വിമാനത്തിൽ ജിദ്ദയിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത പ്രവാസികൾക്കും, പ്രവാസി കുടും ബങ്ങൾക്കും, മറ്റു യാത്രക്കാർക്കും ഇന്ന് 15-03-2020 ന് സൗദിയിലേക്ക് ഈ വിമാനത്തിൽ കയറി യാത്രയാകാൻ കഴിഞ്ഞിട്ടില്ല. കരിപ്പൂരി ൽ നിന്നും സൗദിയിലേക്ക് പോകുന്ന ഈ വിമാനത്തിൽ ഇന്ത്യക്കാരെ കൊണ്ടു പോകില്ലെന്ന സന്ദേശം പോലും ട്രാവൽ ഏജൻസിയോ, വിമാന കമ്പനിയോ നൽകിയിട്ടില്ല.

വസ്തുത: ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് ഈ ഫ്ലൈറ്റിലെ ടിക്കറ്റുകൾ ട്രാവൽ ഏജന്റുമാർക്ക് ലഭിക്കുന്നത്. രാത്രി 11.30 ശേഷമാണ് ഈ ഫ്ലൈറ്റ് റദ്ദാക്കിയ വിവരം എയർലൈൻസ് ഏജൻസികളെ അറിയിക്കുന്നത്. എയർലൈൻസ് ചെയ്ത ഈ വഞ്ചനയെ ശക്തമായി അപലപിക്കുന്നു. യാത്രക്കാർക്ക് മതിയായ നഷ്ടപരിഹാരം സൗദി എയർലൈൻസ് അധികൃതർ നൽകിയേ മതിയാകൂ. എന്നാൽ സൗദി എയർലൈൻസ് കാണിച്ച ഈ വഞ്ചനയുടെ പേരിൽ ട്രാവൽ ഏജൻസികളെ കുറ്റപ്പെടുത്തുന്നത് അപലപനീയമാണ്.

4) മുൻകൂട്ടി പണം നൽകി വാങ്ങിച്ച ടിക്കറ്റുകൾക്ക് ഫ്ലൈറ്റ് ക്യാൻസൽ ചെയ്യുമ്പോൾ ഫുൾ റീഫണ്ട് നൽകേണ്ടതുണ്ട്. അയാട്ടാ നിയമവും ഇത് പ്രത്യേകം സൂചിപ്പിക്കുന്നു, തങ്ങളുടെ തെറ്റല്ലാതെ യാത്ര മുടങ്ങിയ യാത്രക്കാർ ട്രാവൽ ഏജൻസികളെ സമീപ്പിച്ചപ്പോൾ പല കാരണങ്ങൾ പറഞ്ഞ് പണം തിരിച്ചു നൽകാതിരിക്കാനുള്ള വലിയ തട്ടിപ്പ് ഏജൻസികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.

വസ്തുത: ഏത് ഏജൻസിയാണ് റീഫണ്ട് കൊടുക്കാത്തത്? പല എയർലൈൻസുകൾക്കും ടിക്കറ്റ് റീഫണ്ട് വിഷയത്തിൽ വ്യത്യസ്ത പോളിസികളാണ് നിലവിലുള്ളത്. ചില എയർലൈനുകൾ തുക റീഫണ്ട് ചെയ്യുമ്പോൾ ചിലത് നിശ്ചിത കാലയളവിൽ പ്രസ്തുത യാത്രക്കാരന് ഉപയോഗിക്കാൻ സാധിക്കുന്ന ട്രാവൽ വൗച്ചറുകൾ മാത്രമാണ് നൽകുക. സൗദി എയർലൈൻസിൽ നിന്നും ട്രാവൽ ഏജൻസികൾക്ക് റീഫണ്ട് ലഭിക്കുന്നത് 7-10 ദിവസങ്ങൾ കഴിഞ്ഞിട്ടാണെങ്കിലും തങ്ങളുടെ യാത്രക്കാർക്ക് ഏജന്റുമാരും സബ്-ഏജന്റുമാരും റീഫണ്ട് നൽകുന്നുണ്ട്. ഓരോ എയർലൈനിന്റെയും നിയമപ്രകാരം കൃത്യമായി റീഫണ്ട് നൽകുന്നവരാണ് ട്രാവൽ ഏജൻസികൾ. ഈ ആരോപണം മാന്യമായി സേവനം നടത്തുന്നവരെ താറടിക്കാനുള്ള വ്യാജ ആരോപണം മാത്രമാണ്

5.കോഴിക്കോട്ടെ പല പ്രമുഖ ട്രാവൽ ഏജൻസികളും, അവരുടെ സബ് ഏജന്റുമാരുമാണ് കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കുന്ന കണ്ണിൽ ചോരയില്ലാത്തവർ.

വസ്തുത: പ്രസ്തുത ഏജൻസികളുടെ പേര് വെളിപ്പെടുത്താൻ വെല്ലുവിളിക്കുന്നു. തെളിവുകൾ സഹിതം ആരോപണം ഉന്നയിക്കണം. അവർ എന്തു ചെയ്തുവെന്നും പറയണം.

കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിയന്ത്രണങ്ങളും ഏറ്റവുമധികം ബാധിച്ചത് ട്രാവൽ ഏജൻസികളെയാണ്. ആഗോള സാമ്പത്തിക മാന്ദ്യവും പ്രളയങ്ങളും പ്രകൃതി ദുരന്തങ്ങളും ഉൾപ്പെടെ നിരവധി പ്രതിസന്ധികളിൽ നിന്നും കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് കോവിഡ്-19 യാത്രാസേവന മേഖലയുടെ പതനം പൂർണ്ണമാക്കുന്നത്. നഷ്ടത്തിൽ പ്രവർത്തിക്കേണ്ടി വന്നിട്ടും പ്രവാസികളുൾപ്പെടെയുള്ള യാത്രക്കാർക്ക് വേണ്ടി രാവും പകലും ഭേദമില്ലാതെ കഠിനാദ്ധ്വാനം ചെയ്യുകയാണ് ട്രാവൽ ഏജൻസികളും അവരുടെ ജീവനക്കാരും. ലക്ഷ്യസ്ഥാനത്ത് എത്തിപ്പെടാൻ സാധിക്കാതെ കുടുങ്ങിയ പതിനായിരക്കണക്കിന് യാത്രക്കാരെയാണ് ട്രാവൽ ഏജൻസികൾ ചുരുങ്ങിയ സമയം കൊണ്ട് നാട്ടിലെത്തിച്ചത്. വലിയ റിസ്കുകൾ ഏറ്റെടുത്ത് ആളുകളെ നാട്ടിലേക്കും തിരികെ ജോലിസ്ഥലത്തേക്കും എത്തിക്കുന്ന ട്രാവൽ ഏജൻസികളുടെ പ്രവർത്തനത്തെ അധികമാരും അഭിനന്ദിക്കുകയോ വിലമതിക്കുകയോ ചെയ്യുന്നില്ല എന്നത് ഖേദകരം തന്നെയാണ്.

വിവിധ ഓൺലൈൻ പോർട്ടലുകൾ മുഖേനയും എയർലൈൻ വെബ്‌സൈറ്റുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ പോലും പ്രതിസന്ധി ഘട്ടത്തിൽ സഹായം തേടിയത് ട്രാവൽ ഏജൻസികളോടാണ്. യാതൊരു പരിഭവവും കൂടാതെ റീ-ഷെഡ്യൂൾ ഉൾപ്പെടെയുള്ള സർവീസുകളാണ് ഏജൻസികൾ അവർക്ക് ചെയ്ത് കൊടുത്തത്. ഓൺലൈൻ പോർട്ടലുകളും എയർലൈനുകളും ടിക്കറ്റ് റീഫണ്ട് ചെയ്യുമ്പോൾ കൺവീനിയൻസ് ഫീ, ബാങ്ക് ചാർജ്ജ്, പേയ്‌മെന്റ് ഗേറ്റ് വേ ചാർജ്ജ് എന്നിങ്ങനെ പല പേരുകളിൽ യാത്രക്കാരോട് പണം ഈടാക്കുന്നതായി യാത്രക്കാർ പരാതിപെട്ടിട്ടുണ്ട്. എന്നാൽ അതിനെതിരെയൊന്നും ചെറുവിരലനക്കാതെ തുച്ഛമായ ലാഭം മാത്രം വാങ്ങി പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസികളെ കുറ്റപ്പെടുത്തുകയാണ് ചിലർ ചെയ്യുന്നത്. സൗദി അറേബ്യ ഉൾപ്പെടെ വിവിധ രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ നിബന്ധനകളിൽ നിന്നും പ്രവാസികളുൾപ്പെടെയുള്ളവരെ സഹായിച്ചത് ട്രാവൽ ഏജൻസികളാണ്. അത്യാവശ്യക്കാരെ കൃത്യമായ ഇടപെടലുകളിലൂടെ പ്രതിസന്ധി ഘട്ടത്തിൽ കരകയറ്റിയ നിസ്വാർത്ഥരായ ട്രാവൽ ഏജൻസികളെയും ജോലിക്കാരെയും അടച്ചാക്ഷേപിക്കുന്നതും പ്രതിക്കൂട്ടിൽ നിർത്തുന്നതും പ്രതിഷേധാർഹമാണ്.

പ്രസ്തുത വിഷയത്തിൽ സത്യാവസ്ഥ തിരിച്ചറിഞ്ഞ് വ്യാജ ആരോപണങ്ങൾ പിൻവലിക്കണമെന്നും, വസ്തുതകൾ ഉൾക്കൊണ്ട് MDF ചെയർമാൻ മാപ്പ് പറയണമെന്നും, സൗദി എയർലൈൻസിന്റെ ഭാഗത്ത് നിന്നുൾപ്പെടെയുണ്ടായ വീഴ്ചകളെ നിഷ്പക്ഷ അന്വേഷണം നടത്തി പരിഹരിക്കണമെന്നും, യാത്രമുടങ്ങിയ യാത്രക്കാർക്ക് അർഹമായ നഷ്ടപരിഹാരം അനുവദിക്കണമെന്നും, ഭാവിയിൽ ഇത്തരം ഘട്ടങ്ങളിൽ കൊള്ളവിലക്ക് ടിക്കറ്റ് വിൽക്കാൻ ശ്രമിക്കുന്ന എയർലൈനുകൾ നിയന്ത്രിക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും, കേരളത്തിലെ മുഴുവൻ ട്രാവൽ ഏജൻസികൾക്കും വേണ്ടി കേരളൈറ്റ്‌സ് ഉംറ വെൽഫെയർ അസോസിയേഷൻ (കുവ), ആവശ്യപ്പെടുന്നു.

© Keralites Umrah Welfare Association, KUWA